അടുത്ത കാലത്തായി നമ്മുടെ മീഡിയയില്‍ ഹാപ്പിനെക്കുറിച്ച് ചില മോശമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുകാണുമെന്ന് വിശ്വസിക്കുന്നു.കേരളാഗവണ്മെന്റ് നടത്തിയിട്ടുള്ള ഒരു പഠനത്തെക്കുറിച്ചാണ് ഗൗരവതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത് അവയോടാണ് ഹാപ്പിനെ ബന്ധിപ്പിച്ചിട്ടുള്ളത്.അതിന്റെ സത്യാവസ്ഥ താങ്കളെ അറിയിക്കുന്നതിനും, ഹാപ്പിന് പറയാനുള്ളത് അവതരിപ്പിക്കാനുമായിട്ടാണ് ഈ കത്ത് എഴുതുന്നത്.
കേരളസര്‍ക്കാരിന്റെ ആരോഗ്യ ഡിപ്പാര്‍ട്ടുമെന്റ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പൊതുജനാരോഗ്യവിഭാഗമായ അച്ചുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസുമായി ചേര്‍ന്ന് നടത്തുന്ന കിരണ്‍ (കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റെസിഡന്റ്സ് ആരോഗ്യം നെററ് വര്‍ക്ക്) എന്ന ആരോഗ്യസര്വേയെക്കുറിച്ചാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്.ഈ പഠനത്തില്‍ ഹാപ്പ് പങ്കാളിയാണെന്നും, പഠനവിവരങ്ങള്‍ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്സ്ററിയുടെ ആരോഗ്യപഠനവിഭാഗമായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിററ്യൂട്ട് (പി എച്ച് ആര് ഐ) യുമായി പങ്കുവെച്ചിട്ടുണ്ടെന്നും, ഹാപ്പ് ഇതിനായി വിദേശസാമ്പത്തിക സഹായം കൈപ്പററിയിട്ടുണ്ടെന്നുമാണ് ആരോപണം.ഇതേക്കുറിച്ച് ഹാപ്പിന് പറയാനുള്ളത് താഴെ പറയുന്നു.
1. കിരണ്‍ എന്ന കേരളസര്‍ക്കാരിന്റെ പഠനത്തില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സംഘടനയ്ക്ക് (ഹാപ്പിന് )യാതൊരു പങ്കുമില്ല.
2. ഈ സര്‍വേക്കുവേണ്ടി ശേഖരിച്ച ഒരു വിവരവും ഹാപ്പിന്റെ നിയന്ത്രണത്തില്‍ ഇല്ല.
3. ഡാററ ഹാപ്പിന്റെ കൈവശമില്ലാത്തതുകൊണ്ടുതന്നെ ഡാററാ മററാരുമായും ഹാപ്പ് പങ്കു വെയ്ക്കുന്ന കാര്യം ഉദിക്കുന്നില്ല.
4. കിരണ്‍ സര്‍വേയുടെ പ്ളാനിംഗിലും നടത്തിപ്പിലും ഹാപ്പിന്റെ ഏതാനും അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.എന്നാലത് അവരവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായോ, വൈജ്ഞാനമേഖലയിലെ അവരുടെ വൈദഗ്ധ്യത്തിന്റെ പേരിലോ ആണ്.ഇതിനെ ഹാപ്പ് എന്ന സംഘടനയുടെ ഇടപെടലായി കാണുന്നത് ശരിയല്ല.
എന്നാല്‍ ഹാപ്പിനെ ഇതുമായി ബന്ധിപ്പിക്കുന്നത് എന്ന രീതിയില്‍ ചില മീഡിയ ചാനലുകളില്‍ ചില രേഖകള്‍ അവതരിപ്പിക്കുകയുണ്ടായി.അവയൊന്നും തന്നെ ഈ സര്‍വേയുമായി ബന്ധപ്പെട്ടതല്ല.അഞ്ചുവര്‍ഷം മുൻപ് ഇതേ രീതിയില്‍ പത്തുലക്ഷം പേരേ ഉള്‍പ്പെടുത്തി ഒരു സര്‍വേ നടത്താന്‍ കേരളസര്‍ക്കാര്‍ തുനിയുകയുണ്ടായി.ആ സര്‍വേയുടെ ഔദ്യോഗികനാമം കേരള ഹെല്‍ത്ത് ഒബ്സെര്വേറററി- കെ ഹോബ്സ്- എന്നായിരുന്നു.അന്നും കേരളസര്‍ക്കാരിന്റെ ഔദ്യോഗികപങ്കാളിത്തത്തോടുകൂടിയാണ് സര്‍വേ ആരംഭിച്ചത്.ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തകരായിരുന്നു പഠനം നടത്തിയിരുന്നത്.എന്നാല്‍ ആരംഭിച്ച ഉടനെതന്നെ ആ സര്‍വേയെക്കുറിച്ച് ചില ആരോപണങ്ങള്‍ നിയമസഭയില്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഗവണ്മെന്റ് ആ സര്‍വേ വേണ്ടെന്നു വെക്കുകയുണ്ടായി.കെ ഹോബ്സ് സര്‍വേയില്‍ ഹാപ്പ് ഒരു ഔദ്യോഗിക പങ്കാളിയായിരുന്നു.അന്നത്തെ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് രേഖകളില്‍ നിന്നും ഇത് വ്യക്തവുമാണ്.ഈ വസ്തുത ഹാപ്പ് ഒരിക്കലും നിഷേധിച്ചിട്ടില്ല, ഇപ്പോഴും നിഷേധിക്കുന്നുമില്ല.എന്നാല്‍ കെ ഹോബ്സ് എന്നത് കിരണ്‍ എന്ന സര്‍വേയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്.കിരണ്‍ സര്‍വ്വെയില്‍ ഹാപ്പ് പങ്കാളിയല്ല.കിരണും, കെ ഹോബ്സും ഒന്നുതന്നെയാണെന്ന രീതിയല്‍ അവതരിപ്പിക്കുന്നത് സത്യത്തെ വളച്ചൊടിക്കുന്നതല്ലാതെ യാതൊന്നുമല്ല.
കെ ഹോബ്സ് സര്‍വേയെക്കുറിച്ച് കേരളത്തില്‍ ഒരു വിജിലന്‍സ് അന്വേഷണം തുടങ്ങുകയും, ഹാപ്പിന്റെ പങ്കിനെയടക്കം അന്വേഷണവിധേയമാക്കുകയും ചെയ്തതാണ്.എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നതിന് തെളിവൊന്നും ലഭിക്കാത്തതിനാല്‍ ആ അന്വേഷണം അവസാനിപ്പിക്കുകയാണുണ്ടായത്.കേസ് ചാര്ജ്ജുചെയ്യുകയുണ്ടായില്ല.
ഇതിനോടനുബന്ധിച്ച് വേറെ ചില വസ്തുതകള്‍ വ്യക്തമാക്കട്ടെ.ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ വളരെ വര്‍ഷങ്ങളായി കേരളത്തില്‍ പല തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയാണ്.ആദരണീയനായ ഡോ സി ആര് സോമന്, അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തില്നിന്നുള്ള വിരാമത്തെ തുടര്‍ന്ന് 1993 - ല്‍ ആരംഭിച്ച ഒരു സന്നദ്ധസംഘടന (നോണ്‍ ഗവണ്മെന്റല് ഓര്ഗനൈസേഷന് - എന്‍ ജി ഒ) യാണ് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍.അദ്ദേഹത്തിന്റെ ശിഷ്യന്മാരും അടുത്ത സഹപ്രവര്‍ത്തകരുമായിരുന്ന പരേതനായ ഡോ രാംദാസ് പിഷാരടി (തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, മുന്‍ പ്രിന്‍സിപ്പാള്‍), ഡോ രാമന്‍കുട്ടി (അച്ചുതമേനോന് സെന്റര്‍ മുന്‍ സീനിയര്‍ പ്രൊഫസര്‍), ഡോ വിജയകുമാര്‍ (തിരുവനന്തപുരത്തും, കോഴിക്കോടും മെഡിക്കല്‍ കോളേജുകളില്‍ മുന്‍ കമ്മ്യൂണിററി മെഡിസിന് പ്രൊഫസ്സര്‍), ഡോ കെ പി അരവിന്ദന് (കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പത്തോളജി പ്രൊഫസര്‍, കേരള ശാസ്ത്ര സാഹിത്യപരിഷത് മുന്‍ പ്രസിഡന്റ്), എന്നിവരുള്‍പ്പെടെ മെഡിക്കല്‍ - ഹെല്‍ത്ത് രംഗത്തെ പലരും ഹാപ്പിന്റെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകരാണ്.കൂടുതല്‍പേരും ഇപ്പോഴും സഹകരിക്കുന്നുണ്ട്.അക്കാഡെമിക്-ഗവേഷണതലങ്ങളിലാണ് ഹാപ്പ് എന്ന ഈ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങളിലേറെയും.
പൊതുജനാരോഗ്യ-മെഡിക്കല്‍ രംഗങ്ങളില്‍ പഠനങ്ങള്‍ നടത്തുക, അതിനായുള്ള പരിശീലനം ഡോക്ടര്‍മാര്‍ക്ക് നല്‍കുക എന്നിവയാണ് ഹാപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.ഇതിനായി ഹാപ്പ് നാട്ടിലും വിദേശത്തുമുള്ള പല യൂണിവേഴ്സിററികളുമായി അക്കാഡെമിക് സഹകരണം ഉണ്ടാക്കിയിട്ടുണ്ട്.അതിലേററവും പ്രധാനമായ ഒന്നാണ് കാനഡയിലെ പി എച്ച് ആര് ഐ യുമായി ഇരുപതു വര്‍ഷത്തിലേറെയായി ഹാപ്പിനുള്ള ബന്ധം.പി എച്ച് ആര് ഐ യുടെ തലവനായ ഡോ സലീം യൂസഫ് ഒരു പക്ഷേ മലയാളികളായ മെഡിക്കല്‍ ശാസ്ത്രജ്ഞന്മാരില് ഏററവും പ്രശസ്തനായിരിക്കും.നൂറുകണക്കിനു ഗവേഷണ പ്രോജക്ടുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തുകയും, ആയിരകണക്കിനു ഗവേഷണ പ്രബന്ധങ്ങള്‍ ലോകോത്തര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.മെഡിക്കല്‍ രംഗത്തുള്ള ആര്‍ക്കും അദ്ദേഹത്തിന്റെ പേര് അപരിചിതമായിരിക്കാന് സാദ്ധ്യതയില്ല.അങ്ങനെയുള്ള ലോകപ്രശസ്തനായ ഒരു ഗവേഷകനുമായുള്ള ബന്ധത്തില്‍ ഹാപ്പിനും അതിലെ അംഗങ്ങള്‍ക്കും അനല്പമായ അഭിമാനം മാത്രമേയുള്ളു
പി എച്ച് ആര് ഐയും ഹാപ്പുമായുള്ള ബന്ധത്തില്‍ എടുത്തുപറയേണ്ടുന്ന ഒരു ഗവേഷണപഠനം 2003 മുതല്‍ തുടര്‍ന്നുവരുന്ന വരുംകാല-നഗര-ഗ്രാമ-രോഗവ്യാപനശാസ്ത്രപഠന ((Prospective Urban Rural Epidemololgy- PURE study)) മാണ്.മുപ്പതോളം രാജ്യങ്ങളിലായി നടക്കുന്ന ഈ ബൃഹത്പഠനത്തില് ഇന്ത്യയില്‍ തിരുവനന്തപുരത്തു നിന്നും ഹാപ്പ്, ചണ്ഢീഗറിലെ പോസ്റ്റുഗ്രാജുററ് ഇന്‍സ്റ്റിററ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (Postgraduate Institute of Medical Education and Research - Chandigarh ) , ബാംഗ്ളൂരിലെ സെന്റ് ജോണ്‍സ് ആശുപത്രി (St.John’s Hospital- Bengalaru), മദ്രാസിലെ മോഹന്‍സ് പ്രമേഹചികിത്സാലയം (Mohan’s Diabetic Centre, Chennai), തുടങ്ങി അഞ്ചോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ അനുമതിയുള്ളതാണ്.കൂടാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (Indian Council of Medical Research- ICMR) നിര്‍ദ്ദേശ-തത്ത്വങ്ങള്‍ക്കനുസരിച്ച് രൂപീകരിക്കപ്പെട്ട ഹാപ്പിന്റെ നൈതിക സമിതി (Institutional Ethics Committee) ഈ പഠനപദ്ധതി പരിശോധിച്ച് അനുമതി നല്കിയിട്ടുള്ളതും ആണ്.ലോകത്താകെ വർധിച്ചുവരുന്ന ദീര്ഘസ്ഥായീരോഗങ്ങളുടെ പ്രാചുര്യം (Prevalence), അപായഘടകങ്ങള്‍ (Risk factors) എന്നിവ സസൂക്ഷമം നിരീക്ഷണത്തിനു വിധേയമാക്കുന്ന ഈ പഠനത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട 25 -ഓളം ഗവേഷണപ്രബന്ധങ്ങളില്‍ ഹാപ്പും അംഗങ്ങളും ഭാഗഭാക്കുകളായിട്ടുണ്ട്.നമ്മുടെ നാട്ടിലെ ആരോഗ്യരോഗാവസ്ഥകള് മററുരാജ്യങ്ങളിലേതുമായി തുലനം ചെയ്യുന്നതിനും ഫലപ്രദങ്ങളായ രോഗനിവാരണ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കുന്നതിനും അവ യഥാസമയം ജനങ്ങളിലെത്തിക്കുന്നതിനും ഈ വരുംകാല-നഗര-ഗ്രാമ-രോഗവ്യാപനശാസ്ത്രപഠന (PURE study) കാരണമായിട്ടുണ്ട്.ഹാപ്പ് എന്ന അക്കാദമിക് സന്നദ്ധസംഘടനയുടെ ഒരു എളിയ സംഭാവനയായി നമുക്കിതിനെ കാണാം.
ഈ പശ്ചാത്തലത്തില്‍ ഹാപ്പിന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ.
1 കിരണ്‍ സര്‍വേയുമായി ഹാപ്പ് എന്ന സംഘടനക്ക് ബന്ധമില്ല.
2 കിരണ്‍ സര്‍വേ എന്തോ അരുതാത്ത കാര്യമാണ് എന്ന അഭിപ്രായം ഹാപ്പിനില്ല.ഇതൊരു ഗവണ്മെന്റ് ഉദ്യമമാണ്.നിയമാനുസൃതമായ പഠനങ്ങള്‍ തടയേണ്ട ആവശ്യമില്ല.
3 കിരണ്‍ സര്‍വേക്കുവേണ്ടി ഹാപ്പിന് ഒരു വിദേശപണവും ലഭിച്ചിട്ടില്ല.എന്നാല്‍ അഞ്ചുവര്‍ഷം മുന്‍പ് നടന്ന കെ ഹോബ്സ് പഠനത്തില്‍ ഹാപ്പ് ഒരു പങ്കാളിയായിരുന്നു.അത് നമ്മള് ഒരിക്കലും നിഷേധിച്ചിട്ടില്ല.അതുകൊണ്ടുതന്നെ അത് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത എന്ന മട്ടില്‍ അവതരിപ്പിക്കുന്നത് ദുരുപദിഷ്ടമാണ്.
4 ഹാപ്പ് എന്ന സംഘടനക്ക് വിദേശകറന്‍സി നിയന്ത്രണത്തിനുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ എഫ് സി ആര് ഐ ക്ളിയറന്‍സ് ലഭിച്ചിട്ടുള്ളതാണ്.നിയമാനുസൃതമായി വിദേശ ഏജന്‍സികളുടെ സഹായം നമ്മുടെ പഠനങ്ങള്‍ക്ക് സ്വീകരിക്കാറുണ്ട്.അതിന്റെ കണക്കുകള്‍ കൃത്യമായി ആഡിററ് ചെയ്തു കേന്ദ്രഗവണ്മെന്റിനു സമര്‍പ്പിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ക്രമത്തില്‍ അനുവാദം പുതുക്കിതരികയും ചെയ്തിട്ടുള്ളതാണ്.ഇതില്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ല.
5 പി എച്ച് ആര് ഐ യുമായി ഹാപ്പിന് ദീര്‍ഘകാലമായുള്ള ബന്ധം ഉണ്ട്.ഈ സ്ഥാപനം ലോകപ്രശസ്തമായ ഒരു ഗവേഷണസ്ഥാപനമാണ് .കമ്പനി എന്ന പ്രചരണം തെററിദ്ധാരണാജനകമാണ്.
6 ഹാപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു രീതിയിലുമുള്ള മരുന്നു ഗവേഷണവും ഉള്‍പ്പെടുന്നില്ല.
ഹാപ്പിന്റെയോ ഭാരവാഹികളുടെയോ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ ഞങ്ങളുടെ വെബ്സൈററ് സന്ദര്‍ശിക്കുകയോ, നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.